.

കോതമംഗലം: കോതമംഗലത്ത് നിന്നും മൂന്നാറിലേക്ക് കെഎസ്ആർടിസി ആനവണ്ടിയിൽ ഒരുക്കിയ ജംഗിൾ സഫാരിയുടെ ആദ്യ യാത്ര അനുഭവം പ്രേക്ഷകർ പങ്കുവയ്ക്കുന്നു

കോതമംഗലം: എറണാകുളം ജില്ലയിലെ ഹൈറേഞ്ചിലെ കവാടം എന്നറിയപ്പെടുന്ന കോതമംഗലത്ത് നിന്നും കാട്ടാനകളുടെയും കാട്ടാറുകളുടെയും തേയിലക്കാടുകൾക്കിടയിലൂടെയും കുട്ടമ്പുഴ – മാങ്കുളം വഴി കിഴക്കിന്റെ കാശ്മീർ എന്നറിയപെടുന്ന മൂന്നാറിലേക്ക് ഇന്ന് മുതൽ ജംഗിൾ സഫാരി ആരംഭിച്ചു. ആന വണ്ടിയിൽ ഉല്ലസിച്ച് കാട്ടാനകളെ നേരിൽ കണ്ട് കാടിന്റെ വന്യതയും ഹൈറേഞ്ചിന്റെ കുളിർമയും ആസ്വദിക്കുവാനായി കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോ സഞ്ചാരികൾക്കായി അസുലഭ അവസരം ഒരുക്കിയിരിക്കുകയാണ്. കോതമംഗലം-തട്ടേക്കാട്-കുട്ടമ്പുഴ-മാമലക്കണ്ടം-കൊരങ്ങാടി-മാങ്കുളം-ലക്ഷ്‌മി എസ്‌റ്റേറ്റ് വഴി മൂന്നാർക്ക് ആണ് കെ.എസ്.ആർ.ടി.സി ഞായറാഴ്ച്ച ആദ്യ ട്രയൽ ട്രിപ്പ് ആരംഭിച്ചിരിക്കുന്നത്. നിരവധി കടമ്പകൾ കടന്നാൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന പാതയിലൂടെയാണ് കെ.എസ്.ആർ.ടി.സി സഞ്ചാരികൾക്കായി അസുലഭ അവസരം ഒരുക്കുന്നത്. രാവിലെ 9 30 ന് എം എൽ എ ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര മൂന്നാർ എത്തിയ ശേഷം തിരിച്ചു അടിമാലി-നേര്യമംഗലം റോഡിലൂടെ രാത്രി 9.30 ന് കോതമംഗലത്ത് എത്തിച്ചേർന്നു. ഒരാൾക്ക് ഉച്ചയൂണും വൈകിട്ടത്തെ ചായയും ഉൾപ്പെടെ 500 രൂപ വരുന്ന രീതിയിലാണ് ടിക്കറ്റ് നിരക്ക് വാങ്ങിയത്. ജംഗിൾ സഫാരിയുടെ പ്രഖ്യാപനം കഴിഞ്ഞ് ആദ്യ മണിക്കൂറിൽ തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു.ചെറിയ തുക മുടക്കി വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഏർപ്പെടുത്തിയിരിക്കുന്ന ഈ ജംഗിൾ സഫാരി ആദ്യയാത്രയിൽ തന്നെ യാത്രക്കാർക്കിടയിൽ വമ്പൻ ഹിറ്റായി മാറിക്കഴിഞ്ഞു. കോതമംഗലം എ. ടി.ഒ ഷിബു, കെ എസ് ആർ ടി സി ബജറ്റ് ടൂറിസം ഉദ്യോഗസ്ഥൻ അനൂപ്, വിനോദസഞ്ചാരി ജോമി ഓടക്കാലി, കലാകാരൻ സിജു പുന്നേക്കാട്, എം എ കോളേജ് മുൻ പ്രൊഫസ്സർ ബെന്നി ചെറിയാൻ, കടയുടമ ലിസ്സി, കെ എസ് ആർ ടി സി ജി.സി.ഐ അനസ് ഇബ്രാഹിം, വിനോദസഞ്ചാരികളായ എബിൽ, ജിജോ കുക്കു, കെ എസ് ആർ ടി സി ജംഗിൾ സഫാരി ബസ്സ് ഡ്രൈവർ നജ്മുദ്ദീൻ നെല്ലിമറ്റം, പ്രവാസി റിയാസ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്.

LifeKochi Web Desk | Nov. 29, 2021, 8:37 p.m. | Kothamangalam