.

ഇടക്കൊച്ചി : ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നത് ഏകപക്ഷീയമാകരുതെന്നും, അഭിപ്രായ സമന്വയം അനിവാര്യമാണെന്നും KRLCC അഭിപ്രായപ്പെട്ടു.

ഇടക്കൊച്ചി : ആല്‍ഫ പാസ്റ്റര്‍ സെന്ററില്‍ ചേര്‍ന്ന കെആര്‍എല്‍സിസിയുടെ 41-ാമത് ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നും കടല്‍ത്തീരങ്ങള്‍ നവീനവും ശാത്രീയവുമായ മാര്‍ഗങ്ങളുപയോഗിച്ച് സംരക്ഷിക്കണമെന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യങ്ങളും വിവിധ മതസമൂഹങ്ങളുടെ ആരാധനാ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യവും യാതൊരുവിധത്തിലും ഹനിക്കപ്പെടരുത്. മതന്യുനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തും തുറന്ന ചര്‍ച്ചകളിലൂടെയും ഏകീകൃത സിവില്‍ കോഡിനെപ്പറ്റി അഭിപ്രായ സമന്വയത്തിലെത്തണമെന്നും കെആര്‍എല്‍സിസി അഭിപ്രയപ്പെട്ടു. മണിപ്പൂരില്‍ സമാധാനവും പുനരധിവാസവും ഉറപ്പാക്കാന്‍ ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിച്ച് രാഷ്ട്രപതി അടിയന്തരമായി ഇടപെടണം. ദുര്‍ബലമായ കടല്‍ത്തീരങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന നിസംഗതയും അനാസ്ഥയും അക്ഷന്തവ്യമാണ്. അടിയന്തരമായി പുത്തന്‍തോട് മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള കടല്‍ത്തീരം സംരക്ഷിക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ത്വരിതപ്പെടുത്തണം. അടിയന്തരമായി ഈ പ്രശ്‌നം പരിഹരിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും കെആര്‍എല്‍സിസി അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ജനറൽ അസംബ്ലിയിൽ 12 രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്ന്യസ്ത സഭാ - അല്മായ സംഘടനാ പ്രതിനിധികളും ലത്തീന്‍ സമൂഹത്തിലെ ജനപ്രതിനിധികളും സംബന്ധിച്ചു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, വൈസ്പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, ട്രഷറര്‍ എബി കുന്നേപറമ്പില്‍, സെക്രട്ടറിമാരായ പി.ജെ. തോമസ്, ഷിബു ജോസഫ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, സിഎസ്എസ് വൈസ്‌ചെയര്‍മാന്‍് ഗ്ലാഡ്‌വിന്‍ പനയ്ക്കല്‍, കെഎല്‍എം സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, കെആര്‍എല്‍സിഡബ്ല്യുഎ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, കെസിവൈഎം ലാറ്റിന്‍ ജനറല്‍ സെക്രട്ടറി ജോസ് വര്‍ക്കി, കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ കപ്പിസ്താന്‍ ലോപ്പസ്, കൊച്ചി രൂപത ചാന്‍സലറും പിആര്‍ഒയുമായ റവ. ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട്, കണ്‍വീനര്‍മാരായ ടി.എ. ഡാല്‍ഫിന്‍, ഫാ. ആന്റണി കുഴിവേലില്‍ എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ റൈറ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ പ്രസിഡൻറ് കെആർഎൽസി, ജോസഫ് ജൂഡ് വൈസ് പ്രസിഡൻറ് കെആർഎൽസി, അഡ്വ. ഷെറി ജെ തോമസ് സംസ്ഥാന പ്രസിഡൻറ് കെഎൽസിഎ, ഫാ. തോമസ് തറയിൽ കെആർഎൽസി സെക്രട്ടറി ജനറൽ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 9, 2023, 10:46 p.m. | Edakochi