.

#mulanthuruthy

മുളന്തുരുത്തി: അയൽപക്ക പഠന കേന്ദ്രം ആരംഭിച്ച് ആരക്കുന്നം സെന്റ് ജോർജസ്‌ ഹൈസ്കൂൾ

മുളന്തുരുത്തി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സ്കൂൾ പഠനം സാധ്യമാകാത്തതിനാൽ ഇതിന് പകരമായി ആരക്കുന്നം സെന്റ് ജോർജസ്‌ ഹൈസ്കൂൾ അയൽപക്ക പഠന കേന്ദ്രം ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും രക്ഷകർത്താക്കളുടെയും നേതൃത്വത്തിൽ ജനകീയ സമിതികൾ രൂപീകരിച്ച് ആ സമിതികളുടെ നേതൃത്വത്തിൽ ആണ് അയൽപക്ക പഠന കേന്ദ്രം നടത്തുന്നത്. ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദ്യഘട്ടം രണ്ട് അയൽപക്ക പഠനകേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. തുരുത്തിക്കര മോർ ബേത്ലഹേം ചാപ്പൽ ഹാളി ലും ആരക്കുന്നം ഗ്രാമീണ വായനശാല ഹാളിലും പൂർണമായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരംഭിച്ചിട്ടുള്ള പഠനകേന്ദ്രത്തിൽ തുടക്കത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആണ് ക്ലാസ് തുടങ്ങിയിരിക്കുന്നത്. പഠന കേന്ദ്രത്തിന്റെ സ്കൂൾ തല ഉദ്ഘാടനം തുരുത്തിക്കര കേന്ദ്രത്തിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി നിർവഹിച്ചു. സ്കൂൾ മാനേജർ സി.കെ. റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി മാധവൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിജോ ജോർജ്, റീന റെജി, മഞ്ജു അനിൽകുമാർ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹകസമിതി അംഗം പി.എ. തങ്കച്ചൻ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി., പി.ടി.എ. പ്രസിഡന്റ് ബീന പി. നായർ, വൈസ് പ്രസിഡണ്ട് സുനിൽ രാജേന്ദ്രൻ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, അധ്യാപകർ ആയ മഞ്ജു കെ ചെറിയാൻ, മഞ്ജു വർഗീസ്, ജീന ജേക്കബ്, ജോമോൾ മാത്യു എന്നിവർ സംസാരിച്ചു. ആരക്കുന്നം ഗ്രാമീണ വായനശാല ഹാളിൽ ആരംഭിച്ച പഠനകേന്ദ്രം സ്റ്റാഫ് സെക്രട്ടറി റെവ: ഫാ. മനു ജോർജ്ജ് കെ. ഭദ്രദീപം കൊളുത്തി ആരംഭിച്ചു. പഠന കേന്ദ്രങ്ങളിൽ ഓണാവധിക്ക് ശേഷം 9, 8 ക്ലാസ്സുകളിലെയും യു പി വിഭാഗം ക്ലാസുകളിലെയും വിദ്യാർത്ഥികൾക്ക് ഉച്ചകഴിഞ്ഞ് വന്ന് സംശയനിവാരണം നടത്തുവാൻ ഉള്ള സൗകര്യം ലഭ്യമാക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

LifeKochi Web Desk | Aug. 16, 2021, 6:20 p.m. | Mulanthuruthy